2009, മേയ് 19, ചൊവ്വാഴ്ച

ഓണ്‍ ‍സൈറ്റും പെരുവാരം ഉത്സവവും ജോസ് ജ്വല്ലറി വള്ളം കളിയും

ഞങ്ങള്‍ പറവൂര്‍കാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത പറവൂര്‍ നാടിന്‍റെ മാത്രമായ രണ്ടു ആഘോഷങ്ങളാണ് പെരുവാരം ഉത്സവവും ജോസ് ജ്വല്ലറി തട്ടുകടവ് വള്ളം കളിയും. ഈ രണ്ടു ആഘോഷങ്ങളും എന്‍റെ വര്‍ത്തമാനകാല ജീവിതവുമായി വളരെ അടുത്ത ബന്ധം ഉള്ളവയാണ്, ഞാന്‍ ഇടക്കിടെ പറയുന്ന എന്‍റെ നാടിന്‍റെ സംഭവങ്ങളാണ് ഇതു രണ്ടും.

പറവൂരിന്റെ തൃശ്ശൂര്‍ പൂരം പോലെയാണ് ഞങ്ങള്‍ പെരുവാരത്തപ്പന്റെ ഉത്സവം കൊണ്ടാടുന്നത്, വിദേശത്ത് ജോലി ചെയ്യുന്ന ഞങ്ങളുടെ നാട്ടുകാര്‍ പോലും നാട്ടില്‍ ലീവിന് വരുന്നത് ഉത്സവത്തിന്‍റെ സമയം നോക്കിയാണ്.പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം,അതില്‍ പത്തു ദിവസവും കലാപരിപാടികള്‍....ഗാനമേള, ചാക്യാര്‍കൂത്ത്, കഥകളി തുടങ്ങി കേരളത്തില്‍ അന്യം നിന്നുപോയതും പോകാത്തതുമായ വിവിധ തരത്തിലുള്ള കലാപരിപാടികള്‍ ഉത്സവത്തിന് തിടംബിനും,എഴുന്നുള്ളത്തിനുമായി എത്തുന്നത് കേരളത്തിലെ പ്രശസ്തരായ പാമ്പാടി രാജനും തെച്ചിക്കോട്‌ രാമചന്ദ്രനും പോലുള്ള ഗജവീരന്മാര്‍, പത്തു ദിവസവും അമ്പലത്തില്‍
വിഭവ സമൃദ്ധമായ സദ്യ... പ്രേമം തുടങ്ങാനും പ്രേമിക്കാനും ഏറ്റവും ഉചിതമായ സ്ഥലം ഉത്സവ പറംബുകളാണ് എന്ന പണ്ട് ഏതോ മഹാന്‍ പറഞ്ഞ തത്വവും നെഞ്ജില്‍ ഏറ്റിയിട്ട് പ്രേമ വലയുമായി അണിഞ്ഞൊരുങ്ങി വരുന്ന കുമാരീ കുമാരന്മാര്‍ ... മൊത്തതില്‍ പത്തു ദിവസം നാട്ടുകാര്‍ക്ക് എല്ലാം കൊണ്ടും കുശാല്‍ ...

അതുപോലെ തന്നെ മറ്റൊരു പ്രധാന ആഘോഷമാണ്‌ തട്ടുകടവ് പുഴയില്‍ നടക്കുന്ന ജോസ് ജ്വല്ലറി വള്ളം കളി. പറവൂരിലെ പണ്ട് കാലത്തെ ഏക ജ്വല്ലറിയായ ജോസ് ജ്വല്ലറി സ്പോണ്സര്‍ ചെയ്യുന്ന വള്ളംകളിയായതിനലാണ് തട്ടുകടവ് വള്ളം കളിക്ക് "ജോസ് ജ്വല്ലറി വള്ളം കളി" എന്ന പേര് വീണത്‌. ഏതാണ്ട് ആറന്മുള വള്ളംകളിയോട് കിടപിടിക്കുന്ന വള്ളംകളിഎന്ന് ഞങ്ങള്‍ പറവൂര്‍ക്കാര്‍ വിശ്വസിക്കുന്ന ജോസ് ജ്വല്ലറി വള്ളം കളി നടക്കുന്നത് ഓണം സീസനോടനുബന്ധിച്ചാണ്, എനിക്കാദ്യമായി "സോഫാ എഞ്ചിനീയര്‍ " ആയി ജോലി കിട്ടിയതും ഏകദേശം ഇതേ സമയത്ത് തന്നെ.

എറണാകുളത്തെ ഒരു പ്രമുഘ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. അങ്ങിനെ ഞാനും ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി.പക്ഷെ...."പേര് പൊന്നമ്മ കഴുത്തില്‍ കരിമണി" എന്ന പ്രയോഗം പോലെ പേര് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പക്ഷെ കൂലി നിസ്സാരം. ( പുറത്തു പറയാനാകാത്ത കൂലി ആയതു കൊണ്ട് ഞാന്‍ അതിവിടെ വെളിപ്പെടുത്തുന്നില്ല ), എന്തൊക്കെയായാലും നാല് പേര് ചോദിച്ചാല്‍ പറയാന്‍ നാട്ടിലെ നല്ല അറിയപ്പെടുന്ന കമ്പയില്‍ ഒരു ജോലി ഉണ്ടല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു, അതിനിടെയ്‌ എട്ടു
വര്‍ഷത്തെ എന്റെ പ്രണയത്തിന്റെ തിരകഥയ്ക്ക് ക്ലൈമാക്സ്‌ എഴുതിയില്ലെങ്ങില്‍ എട്ടു വര്‍ഷംമുടിയും ചീകി പൌഡറും ഇട്ട് പ്രേമിച്ചു നടന്നതിനു അര്‍ത്ഥമില്ലതെയാകും എന്ന കാരണത്താല്‍പ്രണയിച്ച കുട്ടിയേയ്‌ വിവാഹം കഴിച്ചു.

ഇരു
വീട്ടുകാരുടെയും സമ്മതത്തോടുകൂടി ആഘോഷപരമായി നടത്തിയ വിവാഹം.. ആണുങ്ങളുടെശംബളവും പെണ്ണുങ്ങളുടെ വയസ്സും ചോദിക്കരുതെന്ന മലയാളിയുടെ മഹത്തായ തത്വം എന്റെ മാനംപോകാതെ രക്ഷിച്ചു...കല്യാണത്തിന് സ്റ്റേജില്‍ പട്ടു ഷര്‍ട്ട്‌ ഒക്കെ ഇട്ട് നിക്കുമ്പോള്‍
"മോനെ എത്രയാടാ നിന്റെ ശംഭളം എന്ന് ചോദിച്ചാല്‍ ഞാന്‍ പെട്ടെനേ ..."
ജോലിയില്‍ പ്രവേശിച്ച്‌ വര്‍ഷമൊന്നു കഴ്യ്ഞ്ഞിട്ടും ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ യാതൊരുതീരുമാനവും ഉണ്ടായില്ല, അതിനിടെ തീരെ പ്രതിക്ഷികാതെയ്‌ ഒരു ദിവസം എന്നെ മൂത്ത പ്രൊജക്റ്റ്‌മാനേജര്‍ (സീനിയര്‍ പ്രൊജക്റ്റ്‌മാനേജര്‍) അദ്ധേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ച്ചിട്ട് പറഞ്ഞു
മാനേജര്‍ : " നാരായണന്‍ കുട്ടീ നീ നമ്മുടെ പ്രൊജെക്ടിന്ടെ ആവശ്യത്തിനായി ഒന്ന്അമേരിക്കയിലേക്ക്‌ പോകേണ്ടി വരും അതിനായി നീ ഉടന്‍ തന്നെ ചെന്നയില്‍ ഉള്ള അമേരിക്കന്‍എമ്ഭസ്സിയില്‍ പോയി വിസ എടുക്കണം, നാരായണന്‍ കുട്ടിക്ക്
പോകാന്‍ ബുദ്ധിമുട്ടോന്നും ഇല്ലല്ലോഅല്ലെ ?? "
പട്ടിണി കിടന്ന പട്ടിക്കു ഡയറി മില്‍ക്ക് ചോക്ലേറ്റ് കിട്ടിയത് പോലെ എനിക്ക് അപ്പോള്‍തന്നെ അവിടെ എഴുന്നേറ്റു നിന്ന് മഹാ മനസ്ക്കനായ മാനേജരോട് വാലാട്ടി നന്ദി പ്രകടിപ്പിക്കാനാണ്തോന്നിയത്, പക്ഷെ അതൊന്നും മുഖത്ത് കാണിക്കാതെ, അത്ര നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ പോകാം എന്ന ഭാവത്തില്‍ സമ്മതം പറഞ്ഞു.
നമ്മള്‍ മലയാളികളുടെ ഒരു ടിപ്പിക്കല്‍ സ്വഭാവം വച്ച് ഒരു രൂപ ലോട്ടറി അടിച്ചാലും ഒരു ലക്ഷം അടിച്ചുഎന്ന് കാണിക്കുമല്ലോ അതുപോലെ
"ഉടന്‍ തന്നെ അമേരിക്കയിലേക്ക്‌ പോണം...., ഞാന്‍പോയില്ലെങ്ങില്‍ കമ്പനി ആകെ അവതാളത്തിലാകും...., മാത്രമല്ല സായിപ്പു നാരായണന്‍ കുട്ടിയെതന്നെ അയക്കണം എന്ന് പ്രത്യേകം പറഞ്ഞെന്നും നാട്ടുകാരോടും വീട്ടുകാരോടും ബന്ധുക്കളോടും
അങ്ങ് വച്ച് കാച്ചി..

ഇനി
എങ്ങാനും ചേട്ടന്‍ എന്റെ അമേരിക്കന്‍ യാത്രയുടെ വിവരം അറിഞ്ഞിട്ടില്ലെന്കിലോ.. അതുകൊണ്ട് ചേട്ടന്റെ മുന്നില്‍ വച്ച് പുള്ളിക്കാരന്‍ കേക്കാനായി ഞാന്‍ പറഞ്ഞു...
ഞാന്‍ : അടുത്ത അഴ്യ്ച്ച തന്നെ മദിരാശിയിലേക്ക് പോണം, അടുത്ത ആഴ്ചയാണ് വിസഇന്റര്‍വ്വിയൂനുള്ള ഡേറ്റ് കിട്ടിയിരിക്കുന്നത്, ഞാന്‍ ഉടന്‍ തന്നെ പോയി വിസ എടുത്തിലെങ്കില്‍ കമ്പനിയുടെ കാര്യം ആകെ അവതാളത്തിലാകും , എന്നെ തന്നെ അയക്കണം എന്നാണ് മാനേജരോട്സായിപ്പ് പറഞ്ഞെതെന്ന് ഞാന്‍ ചേട്ടന്‍ കേക്കാനായി നല്ല ഉച്ചത്തില്‍ തട്ടി വിട്ടു...

ചേട്ടന്‍ : ആണോ ?? അടുത്ത അഴ്യ്ച്ച എന്ന് പറയുമ്പോള്‍ .... മദിരാശിയിലേക്ക് ട്രെയിനില്‍ ടിക്കറ്റ്‌കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാലും എന്റെ റെയില്‍വെയ്സിലുള്ള ഒരു സുഹൃത്തിനെ വിളിച്ചുട്രെയിനിനു ടിക്കറ്റ്‌ ഒപ്പിക്കാന്‍ നോക്കാം...
ഞാന്‍ : ഛെ!! ട്രെയിനിലോ! എന്റെ പട്ടിപോകും ട്രെയിനില്‍.., ചേട്ടന്‍ വല്ല ഫ്ല്യയ്ടും കിട്ടുമോ എന്ന്നോക്ക്..

ഇന്നെവരെ KSRTC യുടെ ബസ്സിനപ്പുറം സുഗമായ യാത്ര ഒന്നിലും ഉണ്ടാകില്ല എന്ന് വിശ്വസിച്ചിരുന്ന ഞാന്‍ ഒരു സുപ്രഭാതത്തില്‍ ഫ്ലിയിറ്റിലെ പോകു‌ എന്ന എന്റെ ഡയലോഗു കേട്ടിട്ട്, കറ തീര്‍ത്ത കമ്മ്യൂണിസ്റ്റുകാരനായ എന്റെ ചേട്ടന്‍ എന്റെ മോന്തക്ക് നോക്കി കണ്ണു പൊട്ടുന്നതരത്തിലുള്ള നാല് മുദ്രാവാക്യം വിളിച്ചിട്ട് സീനില്‍ നിന്നും ഇറങ്ങി പോയി.

വിസ എടുക്കാനായി ഞാന്‍ മദ്രാസിലുള്ള US എമ്ബസ്സ്യ്യില്‍ പോയി, മൂന്നു വര്‍ഷത്തേക്ക് അപേക്ഷിച്ച വിസ എനിക്ക് പത്തു വര്‍ഷത്തേക്ക് കിട്ടി, അവിടെയും എന്നിലെ അഹന്കാരി ഉണര്‍ന്നു..എന്റെ പേഴ്സണാലിറ്റിയും, ഗ്ലാമറും കണ്ടിട്ടായിരിക്കും എംബസ്സിയിലെ മദാമ്മ എനിക്ക് പത്തു വര്‍ഷത്തേക്ക് വിസ അടിച്ചുതന്നതെന്ന് എന്നിലെ അഹന്കാരി എന്നെ വിശ്വസിപ്പിച്ചു..
മദ്രാസിലേക്ക് ശീമാട്ടിയുടെ ഒരു കവറിനുള്ളില്‍ മാറാനുള്ള
ഉടുതുണിയും മറ്റുമായി പോയ ഞാന്‍ തിരികെ നാട്ടില്‍ ലാന്‍ഡ്‌ ചെയ്തത് രണ്ടു വലിയ VIP പെട്ടികളും ഒരു ട്രാവല്‍ ബാഗുമായിട്ടാണ്. വീട്ടിലെത്തിയപ്പോള്‍ ഭാര്യ എന്നോട് ചോദിച്ചു "എന്താ പെട്ടിയൊക്കെ!!!.....ഇതൊക്കെ എന്തിനാ?"
ഞാന്‍ : "ചിലപ്പോള്‍ മറ്റന്നാള്‍ തന്നെ അമേരിക്കയിലേക്ക്‌ പോകേണ്ടിവന്നാലോ...,ഓഫീസ് കഴിഞ്ഞൊക്കെ വരുമ്പോള്‍ ലേറ്റ് ആകില്ലേ,പിന്നെ പെട്ടിയോന്നും വാങ്ങാന്‍ പറ്റില്ല ,അതാ വിസ കിട്ടിയ ഉടനെ മദിരാശിയില്‍ നിന്ന് തന്നെ ഷോപ്പിംഗ്‌ ഗ്രാന്‍ഡ്‌ ആയിട്ട് നടത്തിയേ..."

ഭാര്യ :"എന്നാലും രണ്ടു മൂന്നു മാസമൊക്കെ എങ്ങന്യാ അമേരിക്കയില്‍ ഒറ്റയ്ക്ക്????..."

ഞാന്‍ :"ഒറ്റക്കൊന്നുമല്ലല്ലോ അവിടെയും ജനവാസമൊക്കെ ഉള്ളതല്ലേ...."

ഭാര്യ :അതല്ല , വേണേല്‍ ഞാനും കൂടെ വരാം, ചേട്ടന്‍ പറഞ്ഞാല്‍ പ്രൊജക്റ്റ്‌ മാനേജര്‍ സമ്മതിക്കും(അക്കര അക്കരെയില്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് പറയുന്നതുപോലെ,പക്ഷെ ഞാന്‍ അതിനൊന്നും വഴങ്ങിയില്ല.)

ഞാന്‍ : ഓ,അതൊന്നും വേണ്ട ,മൂന്നു മാസം എന്നൊക്കെ പറയുന്നത് ദാന്ന് പറയണപോലെ കഴിയില്ലേ!!

ഭാര്യ : "എന്നാലും... ഞാനും കൂടെ... "

ഞാന്‍ : ഓ.. വേണ്ടാ..അതൊന്നും ഒരു കുഴപ്പവുമില്ലെന്നെ ,ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം...

പിറ്റേന്നു : പത്തു മണിയായാലും ഓഫീസില്‍ എത്താത്ത ഞാന്‍ രാവിലെ എട്ടു മണിക്ക് തന്നെ ഓഫീസിലെത്തി,പ്രൊജക്റ്റ്‌ മാനേജര്‍ വിളിക്കുന്നതും കാതോര്‍ത്തിരുന്നു.

ഉച്ചയായപ്പോള്‍ പുള്ളി എന്നെ പുള്ളിയുടെ മുറിയിലേക്ക് വിളിപ്പിച്ചു, ഇനി പുള്ളിയുടെ റൂമില്‍ നിന്ന് നേരിട്ടെങ്ങാനും അമേരിക്കായിലേക്ക് പോകേണ്ടി വരുമോ എന്ന് വിചാരിച്ച് വിസ പതിപ്പിച്ച പാസ്പോര്‍ട്ടുമായി അദ്ദേഹത്തിന്‍റെ മുറിയിലേക്ക് പറന്നു.

മാനേജര്‍ :"നാരായണന്‍ കുട്ടി ഇരിക്കൂ..വിസ ഒക്കെ കിട്ടിയോ?"

ഞാന്‍ :ഉവ്വ് സാര്‍ കിട്ടി...ദാ സര്‍ എന്റെ കയ്യില്‍ തന്നെ ഉണ്ട് കാണിക്കട്ടെ...
മാനേജര്‍ :"വേണ്ട വേണ്ടാ...അതവിടെ തന്നെ ഇരിക്കട്ടെ...
നാരായണന്‍ കുട്ടീ..
നാരായണന്‍ കുട്ടിയോട് മറ്റൊരു കാര്യം പറയാനാണ് ഇപ്പോള്‍ വിളിച്ചത്, നാരായണന്‍ കുട്ടി തല്ക്കാലം അമേരിക്കയിലേക്ക് പോകണ്ട, തന്‍റെ സ്ഥാനത്ത് മറ്റൊരാളെ വിടാനാണ് ഇപ്പോള്‍ തീരുമാനം..."

ഞാന്‍ ആകെ സ്തംഭിച്ചുപോയി, ഏതാണ്ട് കൊടിച്ചിപ്പട്ടിക്കു എല്ല് കഷ്ണം ഇട്ട് കൊടുത്തിട്ട് പട്ടി കഷ്ടപ്പെട്ട് അത് തിന്നാന്‍ നോക്കിയപ്പോള്‍ പ്ലാസ്റ്റിക്‌ എല്ലാണെന്ന സത്യം മനസ്സിലാക്കിയത് പോലെ ആയിപ്പോയി......ശരിക്കും ഞെട്ടി....പണ്ട് ചെറായി ബീച്ചില്‍ സുനാമി തിരമാല നേരില്‍ കണ്ടപ്പോള്‍ പോലും ഞാന്‍ ഇത്രക്ക് ഞെട്ടിയിട്ടില്ല...മാനേജറിന്റെ ആ തീരുമാനം കേട്ട് വെടികൊണ്ട പന്നിയെ പോലെ അന്ധം വിട്ടു ഞാന്‍ ആ മുറിയില്‍ നിന്നിറങ്ങി..

ഞാന്‍ പുറത്തു വന്നപ്പോള്‍ ഇതൊന്നും അറിയാത്ത സഹപ്രവര്‍ത്തകരായ
എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു "എന്താ നാരായണന്‍ കുട്ടീ..എന്നാ അമേരിക്കയിലേക്ക് പോകുന്നത്?.."

ഞാന്‍
: ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തില്‍ മുഖം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരോടു പറഞ്ഞു..."നാടും നാട്ടുകാരും പെരുവാരം ഉത്സവവും, ജോസ്ജ്വല്ലറി വള്ളം കളിയുമൊക്കെ വിട്ടിട്ടു അമേരിക്കയിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു.."

വര്‍ഷം പലതു കഴിഞ്ഞു ,കമ്പനികള്‍ പലതു ചാടി, എറണാകുളം എന്ന എന്‍റെ പ്രവര്‍ത്തി സ്ഥലം ബംഗ്ലൂര്‍ ആയി...ഇപ്പോഴും എനിക്ക് ഇടക്കിടെ പറയാന്‍ ഇടവരാരുണ്ട്...
"നാടും നാട്ടുകാരും പെരുവാരം ഉത്സവവും, ജോസ്ജ്വല്ലറി വള്ളം കളിയുമൊക്കെ വിട്ടിട്ടു അമേരിക്കയിലേക്ക് പോകുന്നില്ലെന്ന്
തീരുമാനിചെന്ന്..."
അതില്‍ അമേരിക്ക എന്നുള്ളത് പ്രൊജക്റ്റ്‌ മാറുന്നതിനനുസരിച്ച് കാനഡയും ജര്‍മനിയും മറ്റുമായി മാറിയെന്നു മാത്രം.

-----------------------------------------------------------------------------------------------
പ്രിയപെട്ടവരെ ഈ കഥയും കഥാപാത്രങ്ങള്ഉം തികച്ചും സാങ്കല്പികം മാത്രം ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരെങ്കിലുമായി സാദ്രശ്യം ഉണ്ടെങ്കില്‍ അത് എന്റെ കുറ്റമല്ല കഥവായിക്കുന്നവരുടെ കുറ്റമാണ്

എന്ന് നിങ്ങളുടെ സ്വന്തം,
നാരായണന്‍ കുട്ടി

2009, മേയ് 17, ഞായറാഴ്‌ച

എന്റെ ദുബായ്‌ യാത്ര

ദുബായ് എന്ന് കേള്‍കുമ്പോള്‍ പണ്ടൊക്കെ സാധാരണക്കാരനായ ഒരു മലയാളിയുടെ മനസില്‍ ഓടി വരുന്നതു സംബന്നതയുടെയും, സുഘലോലുതകളുടെയും ലോകമാണ് വഴിയില്‍ കല്ലുകള്‍ക്ക് പകരം കിടക്കുന്നത് സ്വര്‍ണ‍ണ ബിസ്ക്കുറ്റ്‌കള്, ഓടയിലൂടെ ഒഴുകി വരുന്നതു കോബ്രയുടെ പെറ്ഫുമുമ്, കിണറുകളില്‍ വെള്ളത്തിന്‌ പകരം ഡീസല്‍ഉം പെട്രോളും ഇതൊക്കെയാണ് ഒരു സാധാരണക്കാരനായ മലയാളിയുടെ മനസ്സില്‍ ഉള്ളത് , എന്നാല്‍ ഈ അടിപൊളി സന്ഗ്ഗല്പങ്ങള്‍ക്ക് മങ്ങലേല്പിച്ചു കൊണ്ടു യഥാര്‍ത്ഥ പ്രവാസികളുടെ ദുഖ്ങ്ങളും ദുരിതങ്ങളും തുറന്നു കാണിച്ച ഒരു സിനിമയായിരുന്നു അറബിക്കഥ , ആ സിനിമകൊണ്ട് എത്രയോ പാവപ്പെട്ട പ്രവാസികളായ മലയാളികള്‍ ലീവ് കഴിഞ്ഞു തിരികെ പെറ്ഷിയായിലേക്ക് യാത്രയാകുമ്പോള്‍ നാട്ടുകാരും വീട്ടുകാരും അടുത്തവട്ടം ലീവിനു വരുമ്പോള്‍ വാങ്ങികൊണ്ട് വരേണ്ട സംഗതികളുടെ (" ശരത്തിന്റെ സംഗതി അല്ലാട്ടാ") നീണ്ട ലിസ്റ്റുകളില്‍ നിന്നു രക്ഷപെട്ടു. അതിന് ഞാന്‍ ശ്രീ ലാല്‍ ജോസിനു നന്ദി രേ‍ഗ്ഗപെടുത്തുന്നു .

എന്നാല്‍ എന്‍റെ ഈ സംഭവം നടക്കുനതു അറബിക്കഥ ഇറങ്ങുന്നതുനു എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് , അച്ഛനും അമ്മയും ചേട്ടനും +ടു കഴിഞ്ഞു നില്ക്കുന്ന ഞാനുംകൂടി ഒരു അവധികാലം ആഖോഷിക്കാന്‍ ദുബായിലെ ചിറ്റപ്പന്റെ അടുത്തേക്ക് പോകാം എന്ന് തീരുമാനിച്ചു
ഞാന്‍ തല്‍കാലം എന്‍റെ പേര്‍സണല്‍ നന്ദി ലാല്‍ജോസിന് പ്രകടിപ്പികുന്നില്ല്യ ഒരുപക്ഷെ 1998ല്‍ അദ്ദേഹം ഈ സിനിമ ഇറക്കിയാല്‍ ഞാനും രേഘപ്പെടുത്തിയെനേ എന്‍റെ ഒരു പേര്‍സണല്‍ നന്ദി... കാരണം എനിക്കും കിട്ടി മേല്പറഞ്ഞപോലെ കുറേ സംഗതികളുടെ ലിസ്റ്റുകള്‍.
  • ട്യൂഷന്‍ മാസ്റ്റര്‍ക്ക് ഷെഫറിന്റെ പേന
  • പാല്‍ക്കാരന്‍ ഗോപാലന് കയ്യ്‌ തണ്ടില്‍ ഉരച്ചാല്‍ കത്തുന്ന ലയ്ട്ടര്‍ ( " രജനികാന്ത് എതോ സിനിമയില്‍ പാല്‍ക്കാരനായി വന്നു അതുപോലൊരു ലയ്ട്ടര്‍ഉര്ച്ചൂ സിഗ്ഗരട്റ്റ് കത്തിക്കുനുണ്ടാത്രേ ")
  • വല്യച്ചനു 48 ഇഞ്ചിന്റെ രണ്ടു സയടിലും പോക്കറ്റ്‌ ഉള്ള മിലിട്രി പച്ച നിറത്തിലുള്ള ഷര്‍ട്ട്‌
അങ്ങനെ മൊത്തം ഒരു പേപ്പറില്‍ നീളത്തില്‍ എഴുതിയാല്‍ പരമശിവന്‍ പാമ്പിനെ കഴുത്തില്‍ ചുറ്റിയിരുന്ന പോലെ കഴുത്തില്‍ ചുറ്റാം

യാത്രക്കിനി ഏതാനും ദിവസങ്ങള്‍ മാത്രം, ദുബായ് കാണാനുള്ള എക്സ്‌യിട്മെന്‍ന്ടിനോടൊപ്പം ആദ്യമായ്‌ പ്ളേയ് നില്‍ കയറാനുള്ള എക്സ്‌യിട്മെന്‍ന്ടഉം, പ്ളേയനെയ്‌ കുറിച്ചുള്ള സംശയങ്ങള്‍ എത്ര ചോദിച്ചാലും വീണ്ടും വീണ്ടും ബാക്കി നില്കുന്നു, വീട്ടില്‍ ആകെ പ്ളേയ് നില്‍ കയറിയിട്ടുള്ളത്‌ അമ്മ മാത്രം, അതും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡാരാടൂനില്‍ ഉള്ള അമ്മയുടെ ചെചിയ്ടെ വീട്ടിലേക്കു പോയപ്പ്പോള്‍ ... വീട്ടില്‍ ആകെ പ്ളേയ് നില്‍ കയറിയിട്ടുള്ള വ്യക്തി എന്ന കാരണത്താല്‍ എന്റെ പ്ളേയ്നെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ചോദിച്ചിരുന്നത് അമ്മയോടാണ് , ഒരു ദിവസം കോട്ട് ഇട്ടാലേ പ്ളേയ്നില്‍ കയറ്റൂല്ലോ അമ്മെ, എന്നാണെങ്ങില്‍ പിറ്റേന്ന് പ്ളേയ്നില്‍ എ സി ഉണ്ടോ അമ്മെ എന്നായിരുക്കും....., അങ്ങിനെ എന്റെ സംശയങ്ങള്‍ക്ക് വിരാമമിടാനായി കാത്തുനിന്ന യാത്രക്കായ ദിവസം വന്നുചേര്‍ന്നു...

യാത്രക്കുള്ള ബാഗും ഒപ്പം നാട്ടുകാരും വീട്ടുകാരും തന്ന ലിസ്റ്റും എടുത്തു ഞാന്‍ വിമാന താവളത്തിലേക്കിറങ്ങനൊരുങ്ങി..അപ്പോള്‍ അമ്മയുടെ ആ ചോദ്യം വന്നു... എന്റെ മനസ്സിനെ ക്രുരമായി വേദനിപ്പിച്ച ആ ചോദ്യം " ടാ നീ എന്ട്രന്സിന്റെ ബുക്ക്‌ എടുത്തു വച്ചോടാ എന്ന് "

ഒരാള്‍ക്ക് ഫ്ലൈറ്റില്‍ 20 കിലോവേ അനുവദിക്കുകയുള്ളൂ, തിരികെ വരുമ്പോള്‍ ലിസ്റ്റ് പ്രകാരമുള്ള ഐറ്റംസ് വക്കാന്‍ ബുക്ക്‌ ഇന്ടെങ്ങില്‍ കിലോ ശരിയാകില്ല എന്ന കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ സന്തോഷത്തോടെ എന്റെ രണ്ടര കിലോഗ്രാം ഭാരമുള്ള എന്ട്രന്‍സിന്റെയ് പുസ്തകം എന്ന കുരിശിനെ ഒഴിവാക്കി. ഹോ കറക്റ്റ് ടൈമില്‍ ഇങ്ങനൊരു ഐഡിയ പറഞ്ഞ്‌ അമ്മയെ പറ്റിക്കാന്‍ തോന്നിയ എന്റെ ബുദ്ധിയെ സമ്മതിക്കണം.... അല്ലേലും പൂച്ചക്ക് എന്താ പോന്നുരുക്കുനയിടത് കാര്യം..... അതുപോലെ എന്ട്രന്‍സിന്റെയ് ബൂകിനെന്താ ദുബായിയില്‍ കാര്യം .......

സി വി രാമനും , അബ്ദുല്‍ കലാമും ജനിച്ച മണ്ണില്‍ ഇരിന്നിട്ടു പഠിക്കുന്നില്ല ഞാന്‍, പിന്നെയാ മരമണ്ടന്മാരായ അറബികളുടെ മണ്ണില്‍ ഇരുന്നു പഠിക്കാന്‍ പോണേ..!!

ഉച്ചക്ക്‌ ഉണ് കഴിഞ്ഞു ഞങ്ങള്‍ വിമാന താവളത്തിലേക്കിറങ്ങി, ഏതോ ഒരു സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞപോലെ "ആറു കാറും അതിനിടയില്‍ ഞങ്ങളുടെ ബോറ് കാറും ഉണ്ടായിരുന്നു", കൂടെ ഉണ്ടായ 5 കാറുകളില്‍ ഞങ്ങളെ ദുബായിലേക്ക് യാത്ര അയക്കാന്‍ വന്ന ഞങ്ങടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു , ഏതാണ്ട് കല്യാണം കഴിഞ്ഞു പെണ്ണിനെ ചെക്കന്റെ വീട്ടിലേക്കു കൊണ്ടാക്കാന്‍ പെണ്ണ് വീട്ടുകാര്‍ പടയായി പോകുമ്പോലെ ( "ഞങ്ങളോട് സ്നേഹം കാണ്നിചിലെങ്ങില്‍ എങ്ങാനും ലിസ്റ്റ് പ്രകാരം ഉള്ള ഐറ്റംസ് ഞങ്ങള്‍ വാങ്ങി കൊണ്ട് വരാന്‍ മറന്നാലോ" :-) )

ഫ്ലൈറ്റ്നെയ്‌ കുറിച്ചുള്ള എന്റെ ഐഡിയകള്‍ക്ക് അവസാനം കുറിക്കാനായി... "ഭൂമിയില്‍ വച്ച് ‍ ഇന്നുവരെ കാണാത്ത എയര്‍ ഇന്ത്യയുടെ ആ ചുള്ളന്‍ വിമാനം ദാ നാരായണന്‍കുട്ടീ നിനക്കായി കിടക്കുന്നു...ഈഈശ്വരാ....ഹൊവ്വ് ഇതൊരു വിമാനമല്ല ഒരൊന്നൊന്നര വിമാനമാ..." എന്റെ മനസ്സിനുള്ളില്‍ അശരീരി വന്നു...

ഞാന്‍ ചുള്ളന്‍ ഫ്ലിറ്റിടിന്റെയ് അകത്തേക്ക് നടന്നു നീങ്ങി , ദാ നിക്കണ്‌ ഒരു ചുള്ളത്തി സ്ത്രീ, ദേ ആ ചുള്ളത്തി ഞങ്ങളെ നോക്കി ചിരിക്കണ്‌, എന്റെ തൊട്ടടുത്ത്‌ നിന്നിരുന്ന എന്നെ പോലെ ആദ്യമായി ഫ്ലൈറ്റില്‍ കയറുന്നതുമായ , എന്നാല്‍ ഫ്ലിറ്റ്നെ കുറിച്ച് വായനയിലൂടെയും മറ്റും എല്ലാം അറിയാം എന്ന് വിചാരവും ഉള്ള എന്റെ ചേട്ടനോട് ഞാന്‍ ചോദിച്ചു " ചേട്ടാ ഏതാ ആ ചുവന്ന ഡ്രസ്സ്‌ ഇട്ട ആ കുട്ടി "
ചേട്ടന്‍ : അതാടാ എയര്‍ ഹോസ്ട്രെസ്സ്
ഞാന്‍ : " എന്നുച്ചാല് ? "
ചേട്ടന്‍ : എന്ന് വച്ചാല്‍ , ഈ ഹോട്ടലില്‍ ഒക്കെ പോകുമ്പോ കാണാറുള്ള വെയിറ്റര്‍
ഇല്ലേ അതുപോലെ ഫ്ലിറ്റിലേയ് വെയിറ്റര്‍
ഞാന്‍ : ഓ അതാണാ , അതു എയര്‍ ഹോസ്ട്രെസ്സ് അല്ല "എയര്‍ ഹൊസ്ടെസ്സ് ആണ്"

ഫ്ലൈറ്റ് പറക്കുന്നതിന് മുന്‍പുള്ള സ്പീടിലുള്ള ഓട്ടം തുടങ്ങി.. എന്റമ്മോ അക്കാലത്തു എനിക്കുണ്ടായിരുന്ന നീല ബി . എസ് . എ സൈക്ല്ളില്‍ നാട്ടിലെ ഇടവഴികളിലൂടെ എഴുന്നേറ്റു നിന്ന് ചവിട്ടുമ്പോള്‍ ലോകത്തെ ഏറ്റവും സ്പീടുള്ള വാഹനം അതാണ്...അതാണ്‌.... എന്നുള്ള എന്റെ അഹന്ഗാര വിചാരവും അവിടെ അസ്തമിച്ചു ..ഫ്ലൈറ്റ് ഏതാണ്ട് ഒരു നിലക്കെത്തിയപ്പോള്‍ ആ ചുവന്ന ഡ്രസ്സ്‌ ഇട്ട കുട്ടി എനിക്കും ചേട്ടനും നേരേ ഒരു ചെറു പുഞ്ചിരിയുമായി നടന്നു വന്നു "ഇനി എങ്ങാനും എന്റെ ഗ്ലാമര്‍ കണ്ടിട്ടാകുമോ ഇങ്ങട് വരുന്നത് എന്നുള്ള ചോദ്യം എന്റെയും ചേട്ടന്റെയും മനസ്സില്‍ ഒരേ പോലെ ഫ്ലാഷ് ചെയ്തിട്ടുണ്ടാവും "

എയര്‍ ഹൊസ്ടെസ്സ് : സര്‍ ഡു യു വാണ്ട്‌ കട്ട്ലെറ്റ്
ആ ചോദ്യം ശരിക്ക് കേക്കാത്ത ഞാന്‍
ഞാന്‍ : ഏയ്‌ കട്ടിലോനും വേണ്ട ഞങ്ങളീ സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തോളാം
ചേട്ടന്‍ : അതല്ലാടാ തിന്നാന്‍ കട്ട്ലെറ്റ് വേണോ എന്നാ ചോദിചെയ്
ഞാന്‍ : അതാണോ ... ചെയ് എനിക്ക് മനസ്സിലായി എന്നാലും ഞാനാ
കുട്ടിയെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ

ഫ്ലൈറ്റ് പറന്നുകൊണ്ടേ ഇരുന്നു ഫ്ലയിറ്റനകത്ത് തണുപ്പ് അസഹനീയമായികൊണ്ടേയിരുന്നു പലരും പുതപ്പോക്കേ ചോദിച്ചു വാങ്ങുന്നുണ്ട്
പക്ഷെ നമ്മള്‍ പുതപ്പു ചോദിച്ചാല്‍ നമ്മള്‍ ആദ്യമായി എസിയിലും ഫ്ലിറ്റിലും കയറുന്ന കൂതറ മലയാളികള്‍ ആണെനെങ്ങാനും വിചാരിച്ചാലോ?? ( അന്ന് കൂതറ എന്ന വാക്ക് കണ്ടു പിടിച്ചു കാണുമോ എന്നത് സംശയം) , മാത്രമല്ല കട്ട്ലെറ്റ്ന്റെ കാര്യം പറഞ്ഞു നാണം കെട്ടിട്ട് അഞ്ചു മിനിറ്റ് പോലും ആയില്ല , ആ അപകര്‍ഷതാ ബോധത്താല്‍ ഒന്നും മിണ്ടാതേ എല്ലാ തണുപ്പും സഹിച്ച്‌ വെളിച്ചപ്പാട് തുള്ളുന്നപോലെ തണുപ്പും കൊണ്ട് വിറച്ചു ദുബായ് വരെ എത്തി...


ആദ്യമായി അമേരിക്കയില്‍ എത്തിയ CID ദാസനെയും വിജയനെയും പോലെ ഞാനും ചേട്ടനും ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങി .."$ സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ സന്ഗ്ഗല്ല്പ്പ ഗന്ധര്‍വ ലോകത്തിലോ ....." എന്ന പാട്ട് ബാക്ക്ഗ്രൌണ്ടില്‍ ആരോ കോറസ് ഇട്ടു പാടുന്നപോലെ ഞങ്ങള്‍ക്ക് തോന്നി..

എയര്‍പോര്‍ട്ട്നു പുറത്തു ഞങ്ങളെയും കാത്തു ചിറ്റപ്പന്‍ നില്‍ക്കുനുണ്ടായിരുന്നു , ദുബായ്യുടെ നഗര വീഥികളിലൂടെ വീടിനെ ലക്ഷ്യമാക്കി ഞങ്ങള്‍ സഞ്ചരിച്ചു നീങ്ങി..

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ രണ്ടാളും ( ഞാനും ചേട്ടനും ) ദുബായ് നടന്നു കാണാന്‍ ഒരുങ്ങി ഇറങ്ങി, ഇനി എങ്ങാനും ഞങ്ങളെ ഒറ്റയ്ക്ക് ചിറ്റപ്പന്‍ വിട്ടില്ലങ്ങിലോ എന്ന കാരണത്താല്‍ ക്യാമറയില്‍ ഉള്ള ഫിലിം വാഷ്‌ ചെയ്യണം എന്ന ഒരു കാരണവും ഉണ്ടാക്കി, വഴി തെറ്റിയാല്‍ തിരിച്ചെത്താനുള്ള അഡ്രസ്സും ലാന്‍ഡ്‌മാര്‍ക്കും ചോദിച്ചു മനസിലാക്കി ഞങ്ങള്‍ രണ്ടാളും ഇറങ്ങി ...

കുറെ ദൂരം ഓരോ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ നടന്നു

ഞാന്‍ : " ചേട്ടാ ദേ നോക്കിയെ എഴുതി വച്ചിരിക്കുനത് കൊറിയന്‍ നായര്‍ ,
ഹേ കൊറിയയിലും നായന്മാരുണ്ടോ"
ചേട്ടന്‍ : "അതു കൊറിയന്‍ നായര്‍ അല്ലടാ കൊറിയന്‍ എയര്‍ ,
കൊറിയന്‍ എയര്‍വയസ്സിന്റെ ഓഫീസ് ആടാ പോത്താ.."
അഹാ ദുബായ് എത്ര മനോഹരം ഞങ്ങളുടെ പ്രതീക്ഷകളില്‍ കണ്ട ദുബായിയെ അല്ല മണലാരണയിങ്ങള്‍ ഇല്ല പകരം എങ്ങും പച്ചപ്പ്‌ മാത്രം, വഴിയില്‍ ഒട്ടകങ്ങളില്ല പകരം ലാന്‍ഡ്‌ ക്രുഇസര്‍കളും ബെന്‍സ്‌ കാറുകളും മാത്രം .. അവസാനം ദുബായ് സിറ്റിയില്‍ ഞങ്ങള്‍ ഒരു സ്റ്റുഡിയോ കണ്ടെത്തി " AL - NAJIM STUDIO ", സ്റ്റുഡിയോ കണ്ടു പിടിച്ച ആവേശത്താല്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു ബാ കേറാം..
ചേട്ടന്‍ : " വേണോടാ "
ഞാന്‍ : " എന്തേ??? "
ചേട്ടന്‍ : "സ്റ്റുഡിയോയുടെ പേര് കേട്ടിട്ട് ഏതോ അറബിയുടെ സ്റ്റുഡിയോ ആണെന്ന്
തോന്നുന്നു, നമുക്കാണേല്‍ അറബി അറിയില്ല, മാത്രമല്ല ഫിലിം വാഷ്‌
ചെയ്യണം എന്ന് ആങ്ങ്യഭാഷയില്‍ പറയാനും അറിയില്ല "
ഞാന്‍ : "അതിനെന്താ നമുക്ക് ഇംഗ്ലീഷില്‍ ഒരു കാച്ചു കാച്ചാം "
ചേട്ടന്‍ : " നീ കാച്ചുവോ"
ഞാന്‍ : " അല്ല ഞാന്‍ വെറും പ്രീഡിഗ്രി C.I.D അല്ലെ!!!!... ചേട്ടനല്ലേ
ഡിഗ്രി C.I.D, ചേട്ടന്‍ കാച്ച് ", എന്ന് പറഞ്ഞു ഞാന്‍ ചേട്ടനെയും പിടിച്ചു വലിച്ചു
സ്റ്റുഡിയോയുടെ അകത്തേക്ക് കയറി...

സ്റ്റുഡിയോയുടെ അകത്തു വലിയ താടിയും നല്ല പൊക്കവും വണ്ണവും ഉള്ള ഒരു മനുഷ്യന്‍ , എതാണ്ട് മലയാള സിനിമയിലെ എന്‍ .എല്‍ .ബാലകൃഷ്ണനെ പോലെ ഉള്ള ഒരാള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു , ആഹ നല്ല സൂപ്പര്‍ അറബി ഇതു വെറും അറബിയല്ല എതാണ്ട് ഒരു രണ്ടു രണ്ടര ആരഭി വരും..ഞാന്‍ ചേട്ടനോട് വന്നകാര്യം അയാളോട് പറയാനായി ആംഗ്യം കാണിച്ചു ....

ചേട്ടന്‍ : " ഫോര്‍ വാഷ്‌ "
സ്റ്റുഡിയോക്കാരന്‍ : " രിബയന്ദ്‌ അയ താത്താ"
ഞാന്‍ : " ഈശ്വരാ .... ആമിന താത്ത എന്നൊക്കെ കേട്ടിട്ടുണ്ട്,
പക്ഷെ ആദ്യമായാ രിബയന്ദ്‌ അയ താത്താ എനൊക്കെ
കേക്കുനേ, ചേട്ടാ പെട്ടു!!! .... ആ അറബി എന്തോ അറബിയില്‍
ചോദിക്കുന്നു "
ഞാന്‍ : " ആങ്ങ്യഭാഷയും ഇംഗ്ലീഷും എല്ലാം ചേര്‍ത്ത് കൊണ്ട് പറഞ്ഞു
വീ.... ഫോര്‍ വാഷ്‌ "
സ്റ്റുഡിയോക്കാരന്‍ : "അതാ ചങ്ങാതി ചോദിചെയ് ഫിലിം rewind ആയതാണോ എന്ന് "
ഞങ്ങള്‍ (ഞാനും ചേട്ടനും ) പരസ്പരം അന്ധാളിച്ചു നോക്കി ...ചന്ദ്രനില്‍ പോയാലും അവിടെ മലയാളി കട നടത്തുന്നുണ്ടാകും എന്ന തത്വം മനസ്സില്‍ ആലോചിച്ചു ഒരു പൊട്ടി ചിരിയോടെ സ്റ്റുഡിയോയുടെ പുറതേയ്ക്കു ഞങ്ങള്‍ ചാടി "